കോൺഗ്രസ് രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി. കേരള സർക്കാർ മുന്നറിയിപ്പ് അവഗണിച്ചുവെന്ന പരാമർശത്തിനെതിരെയാണ് നോട്ടീസ്. കോൺഗ്രസ് എം.പി ജയറാം രമേശാണ് നോട്ടീസ് നൽകിയത്. അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം.
കേന്ദ്രം നൽകിയ മുന്നറിയിപ്പുകൾ കേരളം അവഗണിച്ചെന്ന് അമിത് ഷാ രാജ്യസഭയിൽ ആരോപിച്ചിരുന്നു. ഉരുൾപൊട്ടൽ സംബന്ധിച്ച് ജൂൺ 23ന് രണ്ട് തവണ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്നും, ഏഴ് ദിവസം മുൻപേ മുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഈ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
അവകാശലംഘന നോട്ടീസിൽ, കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയെന്ന വാദം പൊളിഞ്ഞതായും, അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതായും പറയുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. പ്രശ്നമുണ്ടാകുമ്പോൾ അത് ആരുടെയെങ്കിലും പിടലിയിൽ വെച്ചുകെട്ടരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Congress moves privilege motion against Amit Shah over Kerala landslide warning claims
Image Credit: twentyfournews