വയനാട്ടിലെ ദുരന്ത മേഖലയിൽ ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് വിലക്കേർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഉത്തരവ് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സർക്കാരിന്റെ നയം അതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് പിൻവലിക്കാനുള്ള നിർദേശം നൽകിയത്. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും സൂചിപ്പിക്കുന്ന ഉത്തരവ് പിൻവലിക്കാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് വിവാദ ഉത്തരവിറക്കിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കായിരുന്നു നിർദേശം നൽകിയിരുന്നത്. ശാസ്ത്ര സമൂഹം അഭിപ്രായങ്ങളും പഠന റിപ്പോർട്ടുകളും മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. മേപ്പാടിയിൽ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും നിർദേശിച്ചിരുന്നു.
മേപ്പാടി ദുരന്തബാധിത മേഖലയാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. മേപ്പാടി പഞ്ചായത്തിലേക്ക് ഒരു ഫീൽഡ് വിസിറ്റും അനുവദിക്കില്ലെന്നും തങ്ങളുടെ പഠന റിപ്പോർട്ടുകൾ ശാസ്ത്ര ഗവേഷകർ മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്തെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കിൽ കൃത്യമായി അനുമതി വാങ്ങണമെന്നും ഉത്തരവിലൂടെ നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് പിൻവലിക്കാനുള്ള നടപടികൾ ഇപ്പോൾ സ്വീകരിച്ചിരിക്കുകയാണ്.
Story Highlights: Kerala CM orders withdrawal of controversial order barring scientists from visiting Wayanad disaster sites
Image Credit: twentyfournews