കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വടക്കൻ കേരളത്തിൽ മഴ കൂടുതൽ കനക്കുമെന്നാണ് പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, തൃശൂർ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നു.
സംസ്ഥാനത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്വാരങ്ങളിലും താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Story Highlights: Heavy rains continue in Kerala, holiday declared for educational institutions in 12 districts
Image Credit: twentyfournews