വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഈ ദുരന്തത്തിൽ 43 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്നും, ഉരുൾപൊട്ടലിൽ ചൂരൽമല, മുണ്ടക്കൈ, അട്ടമല മേഖലകൾ ഒറ്റപ്പെട്ടതായും അറിയിച്ചു.
ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും നിർണയിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പല സ്ഥലങ്ങളിലും എത്തിപ്പെടാൻ പ്രയാസമാണെന്നും, എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കായി പൊലീസും റവന്യൂ സംഘവും വയനാട്ടിലെത്തി. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തുമെന്ന് അറിയിച്ചു. മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ബെംഗളൂരുവിൽ നിന്നും, കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. കൂടാതെ, 122 ഇൻഫെന്ററി ബറ്റാലിയൻ വെസ്റ്റ് ഹിൽ കോഴിക്കോട് ക്യാമ്പിലെ 50 ഓളം സൈനികരും വയനാട്ടിലേക്ക് എത്തും.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതികൂല കാലാവസ്ഥ കാരണം എയർ ലിഫ്റ്റിങ് പ്രായോഗികമല്ലെന്നും, കോപ്റ്ററുകൾ കോഴിക്കോട് ലാൻഡ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളാർമല സ്കൂൾ തകർന്നതായും, അവിടെ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് 14 കുടുംബങ്ങൾ രാത്രി ഒരു മണിയോടെ ഒഴിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: Wayanad landslides lead to postponement of government programs and deployment of rescue teams