കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് പഠിക്കാൻ പോയ 633 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ലോകത്തെ 41 രാജ്യങ്ങളിൽ നിന്നുള്ള ഈ കണക്കുകൾ പ്രകാരം, ഭൂരിപക്ഷം പേരും മരിച്ചത് അസുഖം ബാധിച്ചും അപകടത്തിലുമാണ്. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
കാനഡയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്, 172 പേർ. അമേരിക്കയിൽ 108 വിദ്യാർത്ഥികളും മരിച്ചു. കാനഡയിൽ മാത്രം 19 വിദ്യാർത്ഥികൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. യു.കെയിൽ 58, ഓസ്ട്രേലിയയിൽ 57, റഷ്യയിൽ 37, ജർമ്മനിയിൽ 24 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണസംഖ്യ. പാക്കിസ്ഥാനിൽ ഒരു വിദ്യാർത്ഥിയും മരിച്ചിട്ടുണ്ട്.
വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങ് വിശദീകരിച്ചതനുസരിച്ച്, വിദ്യാർത്ഥികളുടെ മരണം ബഹുഭൂരിപക്ഷവും അപകടം, അസുഖം എന്നിവ മൂലമാണ്. വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് കേന്ദ്രസർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.