കരുനാഗപ്പള്ളിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് നടി രശ്മിക മന്ദാന മലയാളികളുടെ സ്നേഹം ശരിക്കും അനുഭവിച്ചറിഞ്ഞത്. താരത്തെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയതോടെ, ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് തനിക്കറിയില്ലെന്നും, എന്നാൽ താൻ അനുഗ്രഹീതയാണെന്നും രശ്മിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
‘ജൂലൈ 25-ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. എല്ലാം വളരെ നന്നായി സംഘടിപ്പിച്ചു. അവിടെനിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിൽ ഞാൻ അമ്പരന്നുപോയി. ഇത്രയും സ്നേഹം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഹൃദയം നിറഞ്ഞു. നന്ദി’, രശ്മിക കുറിച്ചു. മലയാളികൾക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വിന്റെ തിരക്കുകളിലാണ് രശ്മിക മന്ദാന. മലയാളികളുടെ സ്നേഹത്തിൽ അമ്പരന്നുവെന്ന് പറഞ്ഞ നടി, തന്റെ അനുഭവം പങ്കുവെച്ചതോടെ ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരിക്കുകയാണ്.