കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ ഒറ്റക്കെട്ടായ പ്രതിഷേധം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം.എം ഹസൻ രംഗത്തെത്തി. സംസ്ഥാന സർക്കാർ പ്രതിഷേധിക്കാൻ വൈകുന്നതിൽ രാഷ്ട്രീയ ദുരുദ്ദേശങ്ങൾ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച അദ്ദേഹം, സർക്കാർ ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ടു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ അവഗണന നേരിട്ട കേന്ദ്ര ബജറ്റ് വരുന്നതെന്നും, 24000 കോടിയുടെ സാമ്പത്തിക പാക്കേജ് പോലും പരിഗണിക്കപ്പെട്ടില്ലെന്നും ഹസൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന താൽപര്യത്തേക്കാൾ എൽ.ഡി.എഫ് സർക്കാരിന് സ്വാർത്ഥ താല്പര്യങ്ങൾക്കാണ് മുൻഗണനയെന്ന് എം.എം ഹസൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പാർട്ടി പ്രതിഷേധ പ്രകടനം നടത്തിയത് ഒഴിച്ചാൽ സംസ്ഥാന സർക്കാരിൻറെ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മാർത്ഥയുണ്ടെങ്കിൽ ഇതിനോടകം നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടി കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റെയിൽവേ വികസനം കീറാമുട്ടിയായി ഇപ്പോഴും കേരളത്തിൽ തുടരുകയാണെന്ന് ഹസൻ പറഞ്ഞു. കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ സംസ്ഥാന സർക്കാർ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും, ഇക്കാര്യത്തിൽ സർക്കാർ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.