പാരിസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് വിജയകരമായ തുടക്കം. രണ്ടാം ദിവസം നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു നേടി. 21-9, 21-6 എന്നീ സ്കോറുകള്ക്ക് നേരിട്ടുള്ള സെറ്റുകള്ക്കാണ് സിന്ധു ജയിച്ചത്.
സിന്ധുവിൻ്റെ മികച്ച ഫുട്വർക്കുകളും ശക്തമായ സ്മാഷുകളും എതിരാളിക്ക് പൊരുതാനുള്ള അവസരം പോലും നൽകിയില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മെഡൽ നേടിയ സിന്ധു, ഇത്തവണ ഹാട്രിക്ക് നേട്ടമാണ് ലക്ഷ്യമിടുന്നത്. ഇതോടെ തന്റെ ക്യാമ്പയിൻ വിജയകരമായി ആരംഭിച്ച സിന്ധു, അടുത്ത മത്സരത്തിൽ എസ്റ്റോണിയൻ താരം ക്രിസ്റ്റ്യൻ കുബയെ നേരിടും.
ബുധനാഴ്ചയാണ് സിന്ധുവിന്റെ അടുത്ത മത്സരം നടക്കുക. ഈ വിജയത്തോടെ സിന്ധു തന്റെ ഒളിമ്പിക് അഭിയാനം ശക്തമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധു, തുടർന്നുള്ള മത്സരങ്ങളിലും ഇതേ ഫോം നിലനിർത്തി മെഡൽ നേട്ടം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.