ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കിന്റെ ട്രാൻസ്ജെൻഡർ മകൾ വിവിയൻ തന്റെ പിതാവിനെതിരെ രംഗത്തെത്തി. മസ്കിന്റെ ടെലിവിഷൻ അഭിമുഖത്തിലെ പ്രസ്താവനകൾക്കെതിരെയാണ് വിവിയന്റെ പ്രതികരണം. താൻ പിതാവിനെ തള്ളിപ്പറഞ്ഞതാണെന്നും, നേരെ മറിച്ചല്ലെന്നും വിവിയൻ വ്യക്തമാക്കി. മാർക് സക്കർബർഗിന്റെ ത്രെഡ്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവിയൻ തന്റെ വിശദീകരണം നൽകിയത്.
വിവിയൻ തന്നെക്കുറിച്ച് മിണ്ടാതിരിക്കുമെന്ന് മസ്ക് തെറ്റിദ്ധരിച്ചതായി തോന്നുന്നുവെന്നും, ദശലക്ഷക്കണക്കിന് ആളുകളോട് തന്നെക്കുറിച്ച് നുണ പറയുന്നത് കേട്ടിരിക്കില്ലെന്നും അവർ പറഞ്ഞു. പിതാവ് തന്നെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും, വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും വിവിയൻ വെളിപ്പെടുത്തി. മസ്ക് ഒരു നാർസിസിസ്റ്റ് ആയിരുന്നുവെന്നും, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമുള്ളവനാണെന്നും അവർ കൂട്ടിച്ചേർത്തു.
മസ്കിന്റെ മൂന്ന് സ്ത്രീകളിൽ നിന്നുള്ള 12 മക്കളിൽ ഒരാളാണ് വിവിയൻ. അവരുടെ അമ്മ കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസണാണ്. 2004-ൽ ജനിച്ച ഇരട്ടകളിൽ ഒരാളായ സേവ്യറാണ് പിന്നീട് ട്രാൻസ്ജെൻഡറായി മാറി വിവിയൻ എന്ന പേര് സ്വീകരിച്ചത്. തന്റെ പേരിൽ നിന്ന് പിതാവിന്റെ പേര് നീക്കം ചെയ്യാനും അമ്മയുടെ പേര് ചേർക്കാനും വിവിയൻ കോടതിയെ സമീപിച്ചിട്ടുണ്ട്. മകന്റെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട സമ്മതപത്രത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കിയതിനാലാണ് ഒപ്പിട്ടതെന്ന് മസ്ക് പറഞ്ഞിരുന്നു. എന്നാൽ, കുട്ടിയായിരിക്കെ തന്നെ ക്വിയർ ആയതിന് മസ്ക് ശകാരിച്ചിരുന്നതായി വിവിയൻ വെളിപ്പെടുത്തി.