പാരീസിലെ റെയിൽ ശൃംഖലയ്ക്കെതിരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം വിവിധ തലങ്ങളിൽ നടക്കുകയാണ്. ആക്രമണത്തിന് പിന്നിൽ റഷ്യയോ, പരിസ്ഥിതി തീവ്രവാദികളോ, അതോ ഇറാനോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. മാസങ്ങൾക്ക് മുമ്പേ സൂചനകളുണ്ടായിട്ടും ആക്രമണം തടയാൻ കഴിയാതിരുന്നത് ഫ്രാൻസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് നാണക്കേടായി. ജൂലൈ 21 ന് രാത്രി റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഒരു റഷ്യൻ ഷെഫിനെ അറസ്റ്റ് ചെയ്തെങ്കിലും ആക്രമണം തടയാനായില്ല.
ഫ്രാൻസിലെ ദേശീയ റെയിൽ കമ്പനി എസ്എൻസിഎഫിന്റെ അറിയിപ്പ് പ്രകാരം, അതിവേഗ റെയിൽ ശൃംഖലയുടെ കേബിളുകൾ ആദ്യം തീയിട്ട് കരിച്ച ശേഷമാണ് മുറിച്ചത്. പരമാവധി നാശമുണ്ടാക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. എട്ട് ലക്ഷത്തോളം യാത്രക്കാരെ ഈ ആക്രമണം ബാധിച്ചു. അക്രമികൾക്ക് റെയിൽ ശൃംഖലയെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നാണ് നിഗമനം.
ആക്രമണത്തിന്റെ സ്വഭാവം വച്ച് ഫ്രാൻസിലെ ഏജൻസികൾ സംശയിക്കുന്നത് തീവ്ര ഇടത് നിലപാടുള്ള പരിസ്ഥിതിവാദികളെയും റഷ്യയെയുമാണ്. എന്നാൽ ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചു. യുക്രൈൻ അനുകൂല നിലപാടുമായി മുന്നോട്ട് പോയ ഫ്രാൻസിലെ പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനെതിരെ റഷ്യയ്ക്ക് കടുത്ത വിരോധമുള്ളതാണ് റഷ്യയെ സംശയിക്കാൻ കാരണമായി പറയുന്നത്. ഒളിംപിക് ഗെയിംസിന് മുന്നോടിയായി നടന്ന ഈ ആക്രമണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.