ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എംഎസ്‍സി കേരളത്തിൽ യൂണിറ്റ് ആരംഭിക്കുന്നു

Anjana

MSC shipping company Kerala

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി) കേരളത്തിൽ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചിയിലെ ഇൻഫോപാർക്ക് ഫേസ് ഒന്നിലുള്ള ലുലു സൈബർ ടവറിൽ 20,000 ചതുരശ്ര അടി സ്ഥലത്താണ് കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായി യൂണിറ്റ് സ്ഥാപിക്കുന്നത്. 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

1970-ൽ ഇറ്റലിയിൽ ജിയാൻല്യു​ഗി അപ്പോന്റെ സ്ഥാപിച്ച അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയാണ് എംഎസ്‍സി. നിലവിൽ ജനീവയിലാണ് ആസ്ഥാനം. ആഗോള കണ്ടെയ്‌നർ കപ്പൽ വ്യവസായത്തിന്റെ 19.7 ശതമാനം നിയന്ത്രിക്കുന്ന ഈ കമ്പനിക്ക് 790-ലധികം കണ്ടെയ്‌നർ വെസ്സലുകളും 55 രാജ്യങ്ങളിലായി 524 ഓഫീസുകളും ഉണ്ട്. 100,000-ത്തിലധികം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാന വ്യവസായ നയത്തിൽ സുപ്രധാന മേഖലയായി കരുതുന്ന മാരിടൈം രം​ഗത്ത് രാജ്യത്തിൻ്റെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് എംഎസ്‍സിയുടെ വരവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം കൊച്ചിയിൽ ലോകോത്തര മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ മറ്റൊരു ആഗോള കമ്പനി കൂടി കേരളത്തിലേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്ന് തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.