കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാളെ എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കർണാടക തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. സംസ്ഥാനത്തെ മഴ സ്ഥിതിഗതികൾ സംബന്ധിച്ച് അധികൃതർ നിരന്തരം നിരീക്ഷിച്ചുവരികയാണ്.