ഉത്തരാഖണ്ഡിലെ ഹരിദ്വാറില് കന്വാര് യാത്രയുമായി ബന്ധപ്പെട്ട് വിവാദപരമായ ഒരു സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. യാത്ര കടന്നുപോകുന്ന വഴികളിലെ പള്ളികളുടെയും മസാറുകളുടെയും മുന്വശം വെള്ളതുണികൊണ്ട് മൂടിയ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായി.
ഹരിദ്വാറിലെ ജവാര്പൂര് പ്രദേശത്തെ പള്ളികളുടെയും മറ്റും മുന്ഭാഗം മുളവടികളില് കെട്ടിയ തുണികള് കൊണ്ടാണ് മറച്ചത്. എന്നാല് ഇത്തരമൊരു നിര്ദേശം അധികൃതരില് നിന്നുണ്ടായോ എന്ന കാര്യത്തില് പള്ളികളിലെ മൗലാനാമാരും മസാര് പരിചാരകരും വ്യക്തതയില്ലെന്ന് പറയുന്നു. ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നും അവര് കൂട്ടിച്ചേര്ത്തു.
പ്രശ്നങ്ങള് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല് വിമര്ശനം ഉയര്ന്നതോടെ വെള്ളിയാഴ്ച വൈകിട്ടോടെ തുണികള് നീക്കം ചെയ്തു. മന്ത്രി സത്യപാല് മഹാരാജ് പറഞ്ഞത്, സമാധാനം നിലനിര്ത്താനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നും ഇതൊരു വലിയ കാര്യമല്ലെന്നുമാണ്. കെട്ടിടനിര്മാണത്തിനിടയില് ഇത്തരത്തില് തുണികെട്ടി മറയ്ക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.