എംജി സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനയിൽ സിപിഐക്ക് അതൃപ്തി പ്രകടമായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയായ ജനറൽ വിഭാഗത്തിലെ മാറ്റത്തിലാണ് എതിർപ്പ് ഉയർന്നിരിക്കുന്നത്. സിപിഐയ്ക്ക് ലഭിച്ചിരുന്ന നോമിനേഷനിൽ സിപിഐഎം പ്രതിനിധിയെ നോമിനേറ്റ് ചെയ്തതാണ് പ്രശ്നത്തിന് കാരണം. അതേസമയം, കേരള കോൺഗ്രസ് എം പ്രതിനിധികളെ നിലനിർത്തുകയും ചെയ്തു.
9 വർഷമായി സിപിഐക്ക് ഉണ്ടായിരുന്ന പ്രാതിനിധ്യമാണ് സിപിഐഎം ഇടപെടലിലൂടെ ഇല്ലാതായത്. 15 അംഗ സിൻഡിക്കേറ്റിൽ എട്ട് പേരാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ളത്. ഇതിലേക്ക് ഒരാളെ നോമിനേറ്റ് ചെയ്യാനുള്ള അവകാശം സിപിഐക്ക് ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ സിപിഐഎം അതെടുത്തതാണ് സിപിഐയെ ചൊടിപ്പിച്ചത്. നിലവിൽ ഒരു പ്രിൻസിപ്പലിൻ്റെയും ഒരു അധ്യാപകൻ്റെയും ഒഴിവിട്ടാണ് സിൻഡിക്കേറ്റ് പുനസംഘടിപ്പിച്ചിരിക്കുന്നത്.
ഈ ഒഴിവുകളിലേക്ക് സിപിഐ നോമിനുകളെ കൊണ്ടുവരാമെന്നാണ് സിപിഐഎം പറയുന്നത്. എന്നാൽ സിപിഐ അതിന് തയ്യാറല്ല. കേരള കോൺഗ്രസ് എം പ്രതിനിധിയായി നിലനിർത്തിയപ്പോഴാണ് സിപിഐയോട് ഈ വിവേചനം കാണിച്ചത്. കേരള കോൺഗ്രസ് എം എൽഎയായ ജോബ് മൈക്കിളും സിൻഡിക്കേറ്റിൽ തുടരും. എൽഡിഎഫിലെ തീരുമാനം അറിഞ്ഞശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താനാണ് സിപിഐ നീക്കം.