സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനപ്രകാരം കെ കെ ശിവരാമൻ ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന് എൽഡിഎഫ് ജില്ലാ കൺവീനർമാരെ മാറ്റി. സിപിഐ ജില്ലാ സെക്രട്ടറിമാർ തന്നെ കൺവീനർ സ്ഥാനം വഹിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. എന്നാൽ കെ കെ ശിവരാമനെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടായിരുന്നു.
സംസ്ഥാനത്ത് കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് സിപിഐ, എൽഡിഎഫ് കൺവീനർമാരുടെ ചുമതല വഹിച്ചിരുന്നത്. ഈ മൂന്ന് ഇടങ്ങളിലെ ആളുകളെ മാറ്റാനാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിനും സിപിഐഎമ്മിനും എതിരായ കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിൽ സി പി ഐ സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തിലെ ചിലരും കെ കെ ശിവരാമനുമായി ആശ്വാസ്യങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഒടുവിൽ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ പ്രശ്നം ചർച്ച ചെയ്തത്. ശിവരാമനെ മാത്രം മാറ്റുന്നത് വിവാദമുണ്ടാക്കും എന്ന അഭിപ്രായത്തിലാണ് മറ്റു രണ്ടിടങ്ങളിലെയും ആളുകളെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. കൊല്ലം ജില്ലാ സെക്രട്ടറിയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മാറ്റിയതെന്നാണ് വിശദീകരണം.