മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി ധന്യ മോഹനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. അഞ്ച് വർഷത്തിനിടെ 8000 തവണ തട്ടിപ്പ് നടത്തി 19.96 കോടി രൂപ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. ഭർത്താവിന്റെയും പിതാവിന്റെയും ഉൾപ്പെടെ 8 അക്കൗണ്ടുകളിലേക്കാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ധന്യയുടെ പേരിൽ മാത്രം 5 അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാജ രേഖകൾ ചമച്ച് വ്യാജ വിലാസത്തിൽ വായ്പകൾ മാറ്റിയാണ് തുക തട്ടിയതെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവിന്റെ എൻആർഐ അക്കൗണ്ടുകളിലേക്ക് കുഴൽപ്പണ സംഘം വഴി പണം കൈമാറിയെന്നും സംശയിക്കുന്നു. ധന്യയുടെ നാലു വർഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പൊലീസ് പരിശോധിച്ചു. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാൻ ബാങ്ക് അധികൃതർക്ക് പൊലീസ് നോട്ടീസ് നൽകി.
ധന്യയെ തൃശൂർ വലപ്പാട് എത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. തട്ടിയെടുത്ത പണം എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം തേടുന്ന പ്രധാന ഉത്തരം. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ ഇപ്പോഴും ഒളിവിലാണ്.