പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ എട്ട് ഇനങ്ങളിൽ മത്സരിക്കാനൊരുങ്ങുകയാണ്. ഷൂട്ടിങ്, ബാഡ്മിന്റൺ, ബോക്സിങ്, ടെന്നീസ്, ടേബിൾ ടെന്നീസ്, റോവിങ്, ഹോക്കി എന്നീ മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. ആദ്യം മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നായ 10 മീറ്റർ എയർറൈഫിൾ മിക്സഡ് ഇനത്തിൽ ശനിയാഴ്ച ഫൈനൽ മത്സരം നടക്കും.
ഷൂട്ടിങ്ങിൽ സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ ഇന്ത്യക്കായി മത്സരിക്കും. ബാഡ്മിന്റണിൽ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ലക്ഷ്യസെൻ എന്നിവർ സിംഗിൾസിലും സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി-ചിരാഗ് സഖ്യം പുരുഷ ഡബിൾസിലും തനിഷ ക്രാസ്റ്റോ-അശ്വനി പൊന്നപ്പ സഖ്യം വനിതാ ഡബിൾസിലും മത്സരിക്കും. ടെന്നീസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയും ഇന്ത്യയുടെ പ്രതീക്ഷകളാണ്.
ഹോക്കിയിൽ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന് ആദ്യ കളിയിൽ ന്യൂസീലൻഡാണ് എതിരാളി. ഹർമൻപ്രീത് സിങ് നയിക്കുന്ന ടീമിൽ മലയാളി താരം പി.ആർ. ശ്രീജേഷും ഉണ്ട്. ബോക്സിങ്ങിൽ ആറ് താരങ്ങൾ ഇന്ത്യക്കായി മത്സരിക്കും. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ ആദ്യദിനത്തിൽ ഇടിക്കൂട്ടിലെത്തും. 10 മീറ്റർ എയർപിസ്റ്റൾ വിഭാഗത്തിൽ സരബ്ജ്യോത് സിങ്, മനു ഭേക്കർ, റിഥം സാങ്വാൻ എന്നിവർ മെഡൽ പ്രതീക്ഷകളാണ്.