പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവർണർമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ പങ്കെടുക്കും. എന്നാൽ, ബജറ്റിലെ അവഗണന ആരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രതിപക്ഷ സഖ്യത്തിലുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി.
‘വികസിത ഭാരതം @ 2047’ എന്ന രേഖ യോഗത്തിൽ ചർച്ച ചെയ്യും. 2047-ൽ ഇന്ത്യയെ 30 ട്രില്യൺ യുഎസ് ഡോളറിന്റെ വികസിത സമ്പദ്വ്യവസ്ഥയാക്കി മാറ്റാനുള്ള ദർശന രേഖയും തയാറാക്കും. ജൂലൈ 23-ന് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്നാണ് പ്രതിപക്ഷത്തിന്റെ പൊതു അഭിപ്രായം.
ഇന്ത്യ സഖ്യത്തിലെ പ്രമുഖ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചപ്പോൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യത്യസ്ത നിലപാട് സ്വീകരിച്ചത് ചർച്ചയായി. ബജറ്റിൽ കടുത്ത വിവേചനമുണ്ടെന്ന് സമ്മതിച്ച മമത, നേരത്തെ തീരുമാനിച്ചതിനാലാണ് നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് വിശദീകരിച്ചു.