കെ.പി.സി.സി യോഗത്തിലെ വിമർശനത്തിൽ അതൃപ്തനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്ന് വിട്ടുനിന്നു. കെ.പി.സി.സി യോഗത്തിലെ വിമർശനം പുറത്തായതിലെ അതൃപ്തിയാണ് ഇതിന് കാരണമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുക്കാതിരുന്നത് ഈ അതൃപ്തി പ്രകടമാക്കുന്നു.
കെ.പി.സി.സി ഇന്നലെ ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നില്ല. ഭാരവാഹികൾ മാത്രം പങ്കെടുത്ത ഈ യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനമുണ്ടായി. വയനാട്ടിൽ നടന്ന ചിന്തൻ ശിബിരിലെ തീരുമാനങ്ളുടെ റിപ്പോർട്ട് അവതരിപ്പിക്കേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മറ്റു നേതാക്കളാണ് അത് നിർവഹിച്ചത്.
പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നും, ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്നും കെപിസിസി അംഗങ്ങൾ വിമർശിച്ചു. എന്നാൽ, ജനാധിപത്യ പാർട്ടിയിൽ വിമർശനങ്ങൾ സ്വാഭാവികമാണെന്നും, പ്രതിപക്ഷ നേതാവുമായി നല്ല ബന്ധമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചു.