കാർഗിൽ സമരണയിൽ രാജ്യം ആഴ്ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ചു. പുഷ്പചക്രം അർപ്പിച്ച ശേഷം സംസാരിച്ച അദ്ദേഹം, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണെന്നും ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നുവെന്നും പറഞ്ഞു.
രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും അവരുടെ വീരമൃത്യു എന്നും ഓർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സേനയെ കൂടുതൽ നവീകരിക്കുമെന്നും ആധുനിക ആയുധങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കാർഗിൽ യുദ്ധം പാകിസ്താൻ ഭീകരതയുടെ യഥാർത്ഥ മുഖം കാണിച്ചുവെന്നും, എന്നാൽ തിരിച്ചടികളിൽ നിന്ന് പാകിസ്താൻ പാഠം പഠിച്ചില്ലെന്നും മോദി കൂട്ടിച്ചേർത്തു.
ഭീകരതയെ ഇല്ലാതാക്കാനുള്ള തീരുമാനം ഉറച്ചതാണെന്നും പാകിസ്താന്റെ ദുഷ്ടലക്ഷ്യങ്ങളെ തകർക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കശ്മീർ ഇപ്പോൾ സമാധാനത്തിലേക്ക് മടങ്ങുന്നുവെന്നും ഭീകരവാദത്തോട് സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിവീർ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിന്റെ സുരക്ഷയാണെന്നും, എന്നാൽ ചിലർ ഇതിനെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.