ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചു

Anjana

Shoranur-Kannur Special Express Payyoli stop

കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചതായി ഡോ. പി.ടി. ഉഷ എംപിയെ അറിയിച്ചു. മലബാറിലെ ട്രെയിൻ യാത്രക്കാരുടെ പ്രയാസം പരിഗണിച്ചാണ് ഈ തീരുമാനം. കഴിഞ്ഞ മാസം 29-ന് കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് റെയിൽവേ ജനറൽ മാനേജർക്കും പാലക്കാട് ഡിആർഎമ്മിനും നിർദേശം നൽകി, സാധ്യതാ പഠനം പൂർത്തിയാക്കി ഇന്നലെ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.

ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്ന സ്പെഷൽ എക്സ്പ്രസ് (06031/06032) സർവ്വീസുകൾക്കാണ് പയ്യോളിയിൽ രാവിലെ 8.57-നും, വൈകിട്ട് 6.12-നും സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ ട്രെയിൻ പയ്യോളിയിൽ നിർത്തിത്തുടങ്ങും. ജന്മനാട്ടിൽ സ്റ്റോപ്പ് അനുവദിച്ചതിൽ കേന്ദ്ര സർക്കാരിനും, കേന്ദ്ര റെയിൽ മന്ത്രിക്കും പി.ടി. ഉഷ എംപി നന്ദി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മേഖലയായ പേരാമ്പ്ര ഉൾപ്പടെ മണിയൂർ, പയ്യോളി, തുറയൂർ, മറ്റ് സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്കാണ് പയ്യോളി സ്റ്റോപ്പ് അനുവദിക്കുന്നത് വഴി ഉപകാരപ്രദമാകുക. കോഴിക്കോട് നിന്ന് കേരളത്തിന് പുറത്തേക്ക് വന്ദേ ഭാരത് സർവീസിനായുള്ള അഭ്യർത്ഥനയും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഒപ്പം പയ്യോളി, തിക്കോടി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും ആവശ്യപ്പെട്ടത് പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.