ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുകയും ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുകയും ചെയ്താൽ നേവി സംഘം പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്തും. നിലവിൽ പുഴയിലെ അടിയൊഴുക്കിന്റെ ശക്തി 6 മുതൽ 8 വരെ നോട്ടാണ്.
കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ രാത്രി ഡ്രോൺ പരിശോധന തടസ്സപ്പെട്ടിരുന്നു. എന്നാൽ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള ഡ്രോൺ പരിശോധന ഇന്നും തുടരും. ഒടുവിൽ നടത്തിയ പരിശോധനയിലും പുഴയ്ക്കടിയിൽ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്.
ഇതിനിടെ, അർജുൻ്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണെന്ന് പൊലീസ് കണ്ടെത്തി. അർജുൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് കർശന നടപടി ഉണ്ടാകുമെന്ന് പ്രസ്താവിച്ചു.