ഷിരൂരിൽ അതിശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ വെല്ലുവിളി നേരിടുന്നു. നദിയിലെ കുത്തൊഴുക്ക് വൻ പ്രതിസന്ധിയാണെന്ന് നാവികസേന വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ നദിയിൽ ഇറങ്ങുന്നത് അസാധ്യമാണെന്നും അവർ അറിയിച്ചു. ശക്തമായ കാറ്റ് കാരണം ഡ്രോൺ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ രാത്രിയിലെ ഡ്രോൺ പരിശോധനയിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.
റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നടത്തിയ വാർത്താ സമ്മേളനത്തിൽ, നദിയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയതായി വ്യക്തമാക്കി. അർജുന്റെ ലോറി റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിൽ കണ്ടെത്തി. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ സ്ഥാനം കണ്ടെത്തിയെങ്കിലും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
ഉപകരണങ്ങളുടെ സുരക്ഷയും കാലാവസ്ഥയും പരിഗണിച്ചാകും രാത്രി പരിശോധനയിൽ തുടർ തീരുമാനമുണ്ടാകുക. നദിയിലെ ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല. രാത്രി നടക്കുന്ന തെർമൽ സ്കാനിംഗിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.