കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 1.7 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും നിവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.