മുസ്ലീം ജമാഅത്ത് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ വിമര്ശനം ഉന്നയിച്ചിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള് സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്ന് മുസ്ലീം ജമാഅത്ത് ആശങ്ക പ്രകടിപ്പിച്ചു.
കേരളത്തിലെ മുസ്ലീങ്ങള് അന്യായമായി ഒന്നും നേടിയിട്ടില്ലെന്നും, അര്ഹമായതുപോലും സര്ക്കാരില് നിന്ന് ലഭിച്ചിട്ടില്ലെന്നും അവര് ചൂണ്ടിക്കാട്ടി. വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില് സംസാരിക്കാന് ബാധ്യതപ്പെട്ടവര് നിരുത്തരവാദപരമായ പ്രസ്താവനകള് നടത്തുന്നത് ഒഴിവാക്കണമെന്ന് മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.
നരേന്ദ്രന് കമ്മീഷന്, പാലോളി കമ്മിറ്റി റിപ്പോര്ട്ടുകള്, സര്ക്കാര് നിയമസഭയില് വെച്ച രേഖ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനം എന്നിവയിലെല്ലാം ഈ വസ്തുത വ്യക്തമാണെന്നും അവര് പറഞ്ഞു. ഇതെല്ലാം പൊതുവിടത്തില് ലഭ്യമായിരിക്കെ, തന്റെ വാദങ്ങള്ക്ക് മതിയായ തെളിവുകള് ഹാജരാക്കാന് വെള്ളാപ്പള്ളി നടേശനു ബാധ്യതയുണ്ടെന്നും മുസ്ലീം ജമാഅത്ത് അഭിപ്രായപ്പെട്ടു.
സര്ക്കാരുകളോടും രാഷ്ട്രീയ കക്ഷികളോടും സംവാദാത്മകവും പ്രശ്നാധിഷ്ഠിതവുമായ സമീപനമാണ് സുന്നി പ്രസ്ഥാനത്തിന്റേതെന്ന് മുസ്ലീം ജമാഅത്ത് വ്യക്തമാക്കി. സുന്നി സ്ഥാപനങ്ങള്ക്കോ സംഘടനകള്ക്കോ ഇന്നോളം ഒരു തുണ്ട് ഭൂമി പോലും സര്ക്കാരില് നിന്ന് ലഭിച്ചിട്ടില്ലെന്നും, അതിനായി ഒരാവശ്യവും സര്ക്കാരിന് മുന്നില് വെച്ചിട്ടില്ലെന്നും അവര് പറഞ്ഞു.
ഈഴവ സമൂഹം ഉള്പ്പടെ ഇതര സമുദായങ്ങള്ക്ക് സര്ക്കാര് ഭൂമി നല്കിയിട്ടുണ്ടെങ്കിലും, അതില് ആക്ഷേപമുന്നയിക്കാനോ സാമുദായിക ധ്രുവീകരണത്തിനോ സുന്നികള് ശ്രമിച്ചിട്ടില്ലെന്നും അവര് കൂട്ടിച്ചേര്ത്തു.