കാർവാർ എംഎൽഎയും എസ്പിയും സ്ഥിരീകരിച്ചതനുസരിച്ച്, ഷിരൂരിലെ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ഗംഗാവലി പുഴയുടെ കരയ്ക്കും മൺകൂനയ്ക്കും ഇടയിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയാണ്. ലോറി തലകീഴായി കിടക്കുന്നതായും, നാളെ അതിനടുത്തേക്ക് എത്താൻ വഴി തേടുമെന്നും കാർവാർ എസ്പി വ്യക്തമാക്കി. കനത്ത മഴയും പുഴയിലെ ഉയർന്ന ജലനിരപ്പും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും രാത്രി 11 മണി വരെ അർജുനായുള്ള തിരച്ചിൽ തുടരുമെന്ന് എംഎൽഎ അറിയിച്ചു.
രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയർത്തി ഷിരൂർ മേഖലയിൽ കോരിച്ചൊരിയുന്ന മഴയും ശക്തമായ കാറ്റും തുടരുകയാണ്. ഗംഗാവാലിയിൽ കനത്ത കുത്തൊഴുക്കുണ്ട്, നദിയിലെ ജലനിരപ്പ് ഉയർന്നുവരികയാണ്. ട്രക്ക് കണ്ടെത്തിയ സ്ഥലത്ത് നേവിസംഘം ബോട്ടിലെത്തിയിട്ടുണ്ടെങ്കിലും കനത്ത മഴ തുടരുന്നതിനാൽ മുങ്ങൽ വിദഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിക്കുന്നില്ല. അടിത്തട്ടിൽ ഇറങ്ងി വാഹനം പരിശോധിക്കണമെങ്കിൽ മഴയ്ക്ക് നേരിയ ശമനമെങ്കിലും ഉണ്ടാകണമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
നാളെ കൂടുതൽ ഉപകരണങ്ങൾ എത്തിക്കുമെന്നും നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർ ദൗത്യത്തിന് തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നും, സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഓരോ മണിക്കൂറിലും ലഭിക്കുന്ന നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര കന്നഡ ജില്ലാ കളക്ടർ സ്ഥിരീകരിച്ചതനുസരിച്ച്, ഗംഗാവാലി പുഴയുടെ സമീപത്ത് നിന്ന് രണ്ട് സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. സൈഡ് സ്കാൻ സോണാർ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്നലുകൾ കണ്ടെത്തിയത്.