ഷിരൂരിൽ അർജുനായി നടക്കുന്ന തിരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൂടുതൽ ആധുനിക സംവിധാനങ്ങൾ എത്തിയാൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ബന്ധു ജിതിൻ തിരച്ചിലിൽ തൃപ്തി പ്രകടിപ്പിച്ചു. ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സേവ് അർജുൻ ഫോറത്തിന്റെ നേതൃത്വത്തിൽ ലോറി ഉടമകളും തൊഴിലാളികളും നാട്ടുകാരും കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. തിരച്ചിൽ അവസാനിപ്പിച്ചാൽ രാജ്യവ്യാപകമായി ലോറികൾ പണിമുടക്കി പ്രതിഷേധിക്കുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി. ദേശീയപാത അതോറിറ്റിയുടെ വീഴ്ചയുടെ ഇരയാണ് അർജുനെന്നും ഇനി ഒരപകടത്തിന് വഴിവെക്കാതെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, നദിയിൽ ആഴത്തിൽ തിരച്ചിൽ നടത്താൻ ബൂം യന്ത്രം ഷിരൂരിലെത്തിച്ചു. 60 മീറ്റർ വരെ ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമാണിത്. കരയിൽ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്താം. ബെലഗാവിയിൽ നിന്നാണ് ബൂം ക്രെയിൻ എത്തിച്ചത്. നേരത്തെ സാങ്കേതിക തകരാറിനെ തുടർന്ന് ഇതിന്റെ വരവ് വൈകിയിരുന്നു.