സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 51,960 രൂപയായി തുടരുകയാണ്. ഗ്രാമിന് 6495 രൂപയും നിലനിൽക്കുന്നു. കേന്ദ്ര ബജറ്റിനെ തുടർന്ന് സ്വർണവിലയിൽ വൻ ഇടിവുണ്ടായിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണവില. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി 2200 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച 55,000 രൂപ എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭമെടുത്തതോടെ വില കുറഞ്ഞു. ബജറ്റിന് മുൻപ് 200 രൂപ കുറഞ്ഞിരുന്നു.
സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ആറു ശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വർണവിലയിൽ പ്രതിഫലിച്ചു. ഇത് സ്വർണവിലയുടെ കുതിപ്പിന് വലിയൊരു ആശ്വാസമായി. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.