തൃശൂർ എം.പി. സുരേഷ് ഗോപി ‘റീൽ ഹീറോ’ മാത്രമാകരുതെന്ന് സിറോ മലബാർ സഭ അൽമായ ഫോറം അഭിപ്രായപ്പെട്ടു. സാധാരണക്കാരന്റെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തൃശൂരുകാർ വളരെ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ പാർലമെന്റിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ, സംസ്ഥാനത്തിന് രണ്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേന്ദ്ര ബജറ്റിൽ ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നത് കേരള ജനതയെ നിരാശരാക്കി.
തൃശൂരിന്റെ വികസനത്തിനായി പദ്ധതികളും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിട്ടും അവ ബജറ്റിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതിന്റെ കാരണം സുരേഷ് ഗോപി അന്വേഷിക്കണമെന്ന് ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. തൃശൂരിലെ ക്രൈസ്തവ സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകൾ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാസമ്മേളനത്തിലെ വാഗ്ദാനങ്ങൾ പാഴ്വാക്കുകളായി മാറിയെന്ന് ഫോറം ചൂണ്ടിക്കാട്ടി. നിഷ്പക്ഷ രാഷ്ട്രീയമുള്ള തൃശൂർ ജില്ലയിലെ സ്ത്രീജനങ്ങളുടെ വോട്ടുകളാണ് കൂടുതൽ ലഭിച്ചതെന്ന് സുരേഷ് ഗോപി മനസ്സിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിനായി പ്രഖ്യാപിച്ച 3 ലക്ഷം കോടിയുടെ പദ്ധതികളിൽ എന്തെങ്കിലും തൃശൂരിനും കേരളത്തിനും ലഭ്യമാക്കാൻ രണ്ട് കേന്ദ്ര സഹമന്ത്രിമാരും പരിശ്രമിക്കണമെന്നും സിറോ മലബാർ സഭ അൽമായ ഫോറം അഭ്യർത്ഥിച്ചു.