മലപ്പുറത്ത് നിപ ആശങ്ക ക്രമേണ ഒഴിയുന്നതായി റിപ്പോർട്ട്. ഇന്ന് പുറത്തുവന്ന 17 സാമ്പിളുകളുടെ ഫലങ്ങളും നെഗറ്റീവായതോടെയാണ് ആശ്വാസം. എന്നിരുന്നാലും, പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 460 പേരാണ് നിരീക്ഷണത്തിലുള്ളത്, ഇതിൽ 260 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നു.
കേന്ദ്രസംഘം ഇന്ന് വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് തുടങ്ങി. പൂനെയിൽ നിന്നുള്ള മൊബൈൽ ലാബ് പ്രവർത്തനം ആരംഭിച്ചതായും, അടുത്ത ദിവസം ലാബിന്റെ പ്രവർത്തനം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും അറിയിപ്പുണ്ട്. ഭോപാലിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പ് സംഘം അടുത്ത ദിവസം ജില്ലയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയത് തെറ്റായ സമീപനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. തമിഴ്നാടുമായി ആശയവിനിമയം നടത്തിയതായും മന്ത്രി വ്യക്തമാക്കി. നിപയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്.