കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും കേരളം ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളായ എയിംസ്, പ്രകൃതി ദുരന്ത നിവാരണം, ടൂറിസം മേഖല എന്നിവ പരിഗണിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാർഷിക മേഖലയിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ വായ്പാ പരിധി നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവർത്തനങ്ങൾക്ക് പണം ചെലവിടാൻ സംസ്ഥാനങ്ങൾ ബുദ്ധിമുട്ടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനങ്ങൾക്കും സാമ്പത്തിക ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നഗരവികസനം ഉൾപ്പെടെയുള്ള മേഖലകളിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങളിൽ കേന്ദ്രം കൈകടത്തുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. ജി.എസ്.ടി നിലവിൽ വന്നതിനുശേഷം സംസ്ഥാനങ്ങൾക്ക് പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലനിൽപ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.