ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുകയാണ്. മോദി സർക്കാരിനെ മൂന്നാമതും തെരഞ്ഞെടുത്തതിൽ ജനങ്ങളോടുള്ള നന്ദി അവർ പ്രകടിപ്പിച്ചു. കാർഷിക മേഖലയ്ക്കായി വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി, കർഷകർക്കായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും അറിയിച്ചു. പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനും ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചു.
കാർഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി. അഞ്ച് പ്രധാന പദ്ധതികൾക്കായി രണ്ട് ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനായി നവീന പദ്ധതികൾ നടപ്പിലാക്കും. കാർഷിക മേഖലയിൽ ഗവേഷണ പദ്ധതികൾ വികസിപ്പിക്കുമെന്നും ദേശീയ സംഭരണ നയം കൊണ്ടുവരുമെന്നും അവർ പ്രഖ്യാപിച്ചു.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ സാധിക്കുന്ന വിത്തിനങ്ങൾ വികസിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. വിളകൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തും. സംസ്ഥാനങ്ങളുമായി സഹകരിച്ച് കാർഷിക മേഖലയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുമെന്നും പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പുവരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. കാർഷിക മേഖലയിൽ ഡിജിറ്റൽ വിവരശേഖരണം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.