മലപ്പുറത്ത് നിപ പരിശോധനയിൽ ആശ്വാസം; 9 സാമ്പിളുകൾ നെഗറ്റീവ്

Anjana

മലപ്പുറത്ത് നിപ പരിശോധനയിൽ ആശ്വാസകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ന് പരിശോധിച്ച 9 സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിൽ നിപ ബാധിച്ച് മരിച്ച 14 കാരന്റെ രക്ഷിതാക്കളുടെ സാമ്പിളുകളും ഉൾപ്പെടുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ 15 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 14 കാരനുമായി സമ്പർക്കത്തിൽ വന്ന തിരുവനന്തപുരം, പാലക്കാട് സ്വദേശികളുടെ പരിശോധനാ ഫലം നാളെ ലഭ്യമാകും.

സമ്പർക്ക പട്ടികയിൽ 406 പേരാണുള്ളത്. ഇതിൽ 194 പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെടുന്നു. 139 ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലെ 7239 വീടുകളിൽ നടത്തിയ സർവേയിൽ 439 പേർക്ക് പനി സ്ഥിരീകരിച്ചു. ഇതിൽ 4 പേർ മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ അതിർത്തിയിൽ പരിശോധന കർശനമാക്കി. പാലക്കാട് വാളയാർ അതിർത്തിയിൽ ശരീര താപനില ഉൾപ്പെടെ പരിശോധിച്ചശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. 2023-ൽ നിപ സ്ഥിരീകരിച്ചപ്പോൾ വവ്വാലുകളിൽ കണ്ടെത്തിയ അതേ വൈറസ് ഇത്തവണയും കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.