കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മോശം കാലാവസ്ഥയിൽ എല്ലാവരും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.