അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ നിന്ന് 14 വയസ്സുകാരൻ രോഗമുക്തി നേടി; ലോകത്ത് 12-ാമത്തെ കേസ്

Anjana

കോഴിക്കോട് മേലടി സ്വദേശിയായ 14 വയസ്സുകാരൻ അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ നിന്ന് രോഗമുക്തി നേടി. 97% മരണനിരക്കുള്ള ഈ അപൂർവ രോഗത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടി ലോകത്ത് തന്നെ 12-ാമത്തെ വ്യക്തിയാണ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും അഭിനന്ദിച്ചു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗലക്ഷണങ്ങൾ കണ്ടെത്തി അപകടസാധ്യത അറിയിച്ചു. അന്നേ ദിവസം തന്നെ കുട്ടിക്ക് അപസ്മാരം ഉണ്ടാവുകയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് പ്രത്യേക മരുന്ന് എത്തിച്ചു നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ചേർന്ന് രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലർ പരിശോധനാ സംവിധാനങ്ങൾ ഒരുക്കി. ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ചികിത്സാ മാർഗനിർദേശങ്ങൾ തയാറാക്കി. രാജ്യത്ത് ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാർഗരേഖ പുറത്തിറക്കി. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് കുട്ടി രോഗമുക്തി നേടിയത്.