മലപ്പുറത്ത് നിപ്പ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് തീവ്രമാക്കി. 14 കാരനായ രോഗിയും സുഹൃത്തുക്കളും കാട്ടമ്പഴം കഴിച്ചതായി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്ന് വിശദമായി പരിശോധിച്ചുവരികയാണ്. മേഖലയിൽ മൃഗസംരക്ഷണ വകുപ്പും പരിശോധന തുടരുന്നു.
നിലവിൽ 350 പേരാണ് കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. രോഗലക്ഷണമുള്ള ആറുപേരുൾപ്പെടെ 13 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. രോഗലക്ഷണമുള്ളവരിൽ നാലുപേർ തിരുവനന്തപുരം സ്വദേശികളും രണ്ടുപേർ പാലക്കാട് സ്വദേശികളുമാണ്. മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും പരിശോധിക്കും.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിലുടനീളം ഊർജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും. ഇത് കൂടുതൽ പരിശോധനകൾ നടത്താൻ സഹായകമാകും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗവും ചേർന്നു.