നിപ വൈറസ് രോഗലക്ഷണങ്ങളുള്ള ആറുപേരില് നാലുപേര് തിരുവനന്തപുരത്തുനിന്നും രണ്ടുപേര് പാലക്കാടുനിന്നുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു. നിപ ബാധിച്ചുമരിച്ച 14 വയസുകാരന്റെ സമ്പര്ക്കപ്പട്ടികയില് 350 പേരുണ്ട്. ഇതില് 101 പേര് ഹൈറിസ്ക് വിഭാഗത്തിലും 68 പേര് ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇന്ന് 13 പേരുടെ സ്രവം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ പ്രതിരോധ പ്രവര്ത്തനങ്ങള് ജില്ലയില് ഊര്ജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രി കോഴിക്കോട് എത്തി. പൂനെ വയറോളജി ഇന്സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല് ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തുമെന്നും ഇത് കൂടുതല് പരിശോധനകള്ക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില് അവലോകനയോഗവും ചേര്ന്നു.
മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും ഇന്ന് പരിശോധിക്കും. കുട്ടിയുടെ പുതിയ സമ്പര്ക്ക പട്ടിക പുറത്തുവിട്ടതായും മന്ത്രി അറിയിച്ചു. കുട്ടിയും സുഹൃത്തുക്കളും കാട്ടാമ്പഴം കഴിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില് നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്ന് പരിശോധിച്ചുവരികയാണ്. മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടരുന്നു.