നാഗരാജ ക്ഷേത്രത്തിൽ ടിനി ടോം: സനാതന ധർമ്മത്തെക്കുറിച്ചുള്ള പ്രസ്താവന ശ്രദ്ധ നേടുന്നു

Anjana

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള കല്ലൂർക്കാട് കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ നടൻ ടിനി ടോം ദർശനം നടത്തി. കർക്കിടകം 1-ആം തീയതി നടന്ന പൂജയിൽ ടിനി ടോമും നടി സരയുവും പങ്കെടുത്തു. ഈ സന്ദർശനത്തിനു ശേഷം സനാതന ധർമ്മത്തെപ്പറ്റി താരം പങ്കുവച്ച അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

‘ഒരു പുതിയ അനുഭവമായിരുന്നു. ഇത്രയും പ്രതിഷ്ഠകൾ കാണുന്നതും ഇത്രയും വഴിപാടുകൾ ചെയ്യുന്നതും ആദ്യമായിട്ടാണ്,’ എന്ന് ടിനി ടോം പറഞ്ഞു. ‘ജാതിയും മതവും ഒന്നുമില്ല. ഭാരതത്തിന്റെ സംസ്കാരം ഇതാണ്. എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്, എന്റെ മതം ക്രൈസ്തവ മതവും. ഹിന്ദു എന്നത് ഒരു മതമല്ല, മറിച്ച് ഒരു സംസ്കാരമാണ് എന്ന് കാണിക്കുന്ന ഒരു അമ്പലമാണ് പേരമംഗലം നാഗരാജാ ക്ഷേത്രം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്ഷേത്ര ദർശനം വളരെ നല്ല അനുഭവമായിരുന്നെന്നും നല്ല പോസിറ്റീവിറ്റി ലഭിച്ചെന്നും ടിനി ടോം പറഞ്ഞു. ‘ഇതുപോലുള്ള ക്ഷേത്രങ്ങളും ഇതുപോലുള്ള പള്ളികളുമാണ് കേരളത്തിൽ വരേണ്ടത്. അവിടെയാണ് മതസൗഹാർദം ഉണ്ടാകുന്നത്,’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.