മലപ്പുറത്ത് 68 വയസ്സുള്ള ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ കണ്ടെത്തി. ഈ വ്യക്തിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന ഈ 68 കാരന് മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കമില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മരിച്ച 14 വയസുകാരനുമായി സമ്പർക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് നിപാ ലക്ഷണങ്ങൾ കണ്ടെത്തുകയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിക്കുകയും ചെയ്തു.
14 കാരന്റെ സമ്പർക്ക പട്ടികയിൽ 246 പേരാണുള്ളത്, അതിൽ 63 പേർ ഹൈറിസ്കിലാണ്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.