കർണാടക ഷിരൂരിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ

Anjana

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടു. സംഭവസ്ഥലത്തേക്ക് സൈന്യത്തെ അയയ്ക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. രാവിലെ 11 മണിയോടെ സൈന്യം സ്ഥലത്തെത്തുമെന്നും, ഉച്ചയ്ക്ക് 2.30ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തുമെന്നും അറിയിച്ചു.

രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ബെലഗാവി ക്യാമ്പിൽ നിന്നുള്ള 40 പേരടങ്ങുന്ന സൈനിക സംഘമാണ് ഷിരൂരിലെത്തുക. അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തിൽ നീക്കം ചെയ്യുകയാണ്. ഒരു മണിക്കൂറിനുള്ളിൽ അർജുന്റെ ലോറിക്കടുത്തേക്ക് എത്താൻ ശ്രമിക്കുന്നതായി അംഗോള എംഎൽഎ സതീഷ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷാപ്രവർത്തനത്തിന് ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത പരിശോധിക്കുന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റർ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറിൽ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ഇന്ന് രാവിലെ പുനരാരംഭിച്ചത്. എന്നാൽ, ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.