നെയ്യാറ്റിൻകര ആശുപത്രിയിൽ കുത്തിവെപ്പെടുത്ത യുവതി മരിച്ചു; ഡോക്ടർക്കെതിരെ കേസ്

Anjana

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്ത ശേഷം അബോധാവസ്ഥയിലായ യുവതി മരണമടഞ്ഞു. മലയിൻകീഴ് സ്വദേശിയായ 28 വയസ്സുള്ള കൃഷ്ണയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ആറു ദിവസമായി ചികിത്സയിലായിരുന്നു യുവതി.

കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ കൃഷ്ണയ്ക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെയാണ് അബോധാവസ്ഥയിലായതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മാസം 15-ാം തീയതിയാണ് കൃഷ്ണയെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, അതിനുള്ള പരിശോധന നടത്താതെ കുത്തിവെപ്പ് നൽകിയതാണ് പ്രശ്നമായതെന്നുമാണ് പ്രാഥമിക നിഗമനം.