പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ തെറിവിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടെന്നും, താൻ ഒരുവാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതിയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഉമ്മൻ ചാണ്ടിയോട് പല കാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ചിലതിൽ വിയോജിപ്പും ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യോജിപ്പും വിയോജിപ്പും തുറന്നു പറഞ്ഞവരായിരുന്നു തങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഇപ്പോൾ വിയോജിപ്പിനെ അടിച്ചമർത്താൻ ചിലർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയമായി ഇരു ചേരികളിൽ നിൽക്കുമ്പോഴും തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായില്ലെന്നും, മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചപ്പോൾ താനാദ്യം കണ്ടത് ഉമ്മൻചാണ്ടിയായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.