നിപ സംശയിച്ച 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു; നിരീക്ഷണം തുടരുന്നു

Anjana

മലപ്പുറം ജില്ലയിൽ നിപ വൈറസ് ബാധയെന്ന് സംശയിക്കപ്പെട്ട 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. നിപ വൈറസ് ബാധ സംശയിക്കുന്നതിനാൽ കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.

കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. കൂടുതൽ പരിശോധനകൾക്കായി കുട്ടിയുടെ സ്രവം പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിപ വൈറസ് സംശയത്തെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. നിപ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചു.