കേന്ദ്ര ബജറ്റിനെ കുറിച്ച് സംസ്ഥാനത്തിന്റെ പ്രതീക്ഷകൾ വ്യക്തമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 24,000 കോടിയുടെ പ്രത്യേക പാക്കേജും വിഴിഞ്ഞത്തിന് 5,000 കോടിയുടെ പ്രത്യേക പാക്കേജും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രം നൽകാനുള്ള അർഹമായ വിഹിതം ഉൾപ്പെടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച തുക തിരികെ നൽകണമെന്നും കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിന് അർഹമായ നികുതി വിഹിതം കിട്ടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റിന് മുന്നോടിയായി നടന്ന ചർച്ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും യുഡിഎഫ് എംപിമാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
സംസ്ഥാനത്ത് കൂടുതൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബാലഗോപാൽ പറഞ്ഞു. കേരളത്തിന് അർഹതപ്പെട്ട എയിംസ് നൽകാത്തതിന് കാരണം രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. റെയിൽവേ വികസനത്തിലും കൂടുതൽ പദ്ധതികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓണക്കാലത്ത് സപ്ലൈകോയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ബജറ്റിൽ വകയിരുത്തിയതിനേക്കാൾ അധിക തുക നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.