കേരളത്തിന്റെ ധനനിലവാരത്തെ കുറിച്ച് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് യാഥാർത്ഥ്യത്തോടും വസ്തുതകളോടും ചേരാത്തതും ദിശാബോധമില്ലാത്തതുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള വിഹിതം പോലും നൽകാനാവാതെ, നീക്കിവച്ച തുക വെട്ടിക്കുറച്ച സർക്കാർ കേരളം രൂക്ഷമായ ധനഞെരുക്കത്തെ അതിജീവിച്ചതായി ഗീർവാണമടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി ജനത്തിന് ബാധ്യതയാകുമെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നതെന്നും, പദ്ധതികളിൽ വരുമാന മാർഗ്ഗം കണ്ടെത്താനുള്ള സാധ്യത തേടുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചത് പാവപ്പെട്ടവരെ പിഴുക്കുന്ന നടപടിയാണെന്നും വേണുഗോപാൽ വ്യക്തമാക്കി.
സർക്കാർ ഈ ബജറ്റിൽ വിവിധ പദ്ധതികൾക്കായി പ്രഖ്യാപിച്ച തുക നിലവിലുള്ള കടബാധ്യത തീർക്കാനുള്ളതാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാരുടെ ശമ്പളം, ക്ഷേമപെൻഷൻ, കരാറുകാരുടെ പണം എന്നിവ ഉൾപ്പെടെ ഒരു ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണ് സംസ്ഥാന സർക്കാരിനുള്ളത്. സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറച്ചുവെച്ചാണ് ധനമന്ത്രി വാചാടോപം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ നാല് വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പകുതി പദ്ധതികൾ പോലും നടപ്പാക്കിയിട്ടില്ലെന്നും, പദ്ധതി തുക വിനിയോഗം എല്ലാ വകുപ്പിലും 50 ശതമാനത്തിലും താഴെയാണെന്നും വേണുഗോപാൽ വ്യക്തമാക്കി. ഗ്രാന്റും പദ്ധതിവിഹിതവും വെട്ടിക്കുറച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് വർഷമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സർക്കാർ സാമ്പത്തിക ഉപരോധം നടപ്പാക്കിയിട്ട്, ഇത്തവണ തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയർത്തിയത് ആത്മാർത്ഥതയില്ലാത്ത നടപടിയാണെന്ന് അദ്ദേഹം വിമർശിച്ചു. ശമ്പളവും പെൻഷനും നൽകാനുപോലും കടമെടുക്കേണ്ടിവരുന്നതാണ് കേരള ഖജനാവിന്റെ യഥാർത്ഥ സ്ഥിതിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയ ശേഷം പദ്ധതി വിഹിതം നിയമവിരുദ്ധമായി വെട്ടിക്കുറയ്ക്കുന്നതാണ് ഇടതുസർക്കാരിന്റെ കീഴ്വഴക്കമെന്ന് വേണുഗോപാൽ ആരോപിച്ചു. വിശ്വാസ്യതയും ആത്മാർത്ഥതയും ഇല്ലാത്ത ബജറ്റാണ് എൽഡിഎഫ് സർക്കാരിന്റെതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും ഇതുവരെയുള്ള ബജറ്റ് പ്രഖ്യാപനവും താരതമ്യം ചെയ്താൽ, ഇടതുസർക്കാർ ജനങ്ങളെ പറ്റിച്ചതിന്റെ വ്യാപ്തി വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന പൊള്ളയായ വാഗ്ദാനം നൽകിയ എൽഡിഎഫ് സർക്കാർ അത് പാലിച്ചില്ലെന്ന് മാത്രമല്ല, നിലവിലെ പെൻഷൻ തുക പോലും മുടക്കമില്ലാതെ നൽകാൻ തയ്യാറാകുന്നില്ലെന്നും വേണുഗോപാൽ വിമർശിച്ചു.
കേരളത്തെ മെഡിക്കൽ ഹബ്ബാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിട്ടും, സർക്കാർ ആശുപത്രികളിൽ മരുന്ന് പോലുമില്ലാത്ത സ്ഥിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാരുണ്യ പദ്ധതിയിൽ 1500 കോടിയുടെ കുടിശ്ശികയുള്ളപ്പോൾ, സർക്കാർ വെറും 700 കോടി രൂപ മാത്രമേ നീക്കിവെച്ചുള്ളൂ. കാർഷിക മേഖലയിലെ വരുമാന വർധനവ്, ശമ്പള കമ്മീഷൻ എന്നീ കാര്യങ്ങളിലും ബജറ്റ് മൗനം പാലിച്ചു. റബർ കർഷകരെയും ബജറ്റിൽ അവഗണിച്ചു. ഇരുപത് ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞിട്ട് പാർട്ടിക്കാരുടെയും സിപിഎം അനുഭാവികളുടെയും പ്രയോജനത്തിനായി മാത്രമാണ് അത് ഉപയോഗിച്ചതെന്നും വേണുഗോപാൽ ആരോപിച്ചു. നിയമന നിരോധനത്തിലൂടെ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.