ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ കുടിവെള്ളത്തിന്റെ പേരിൽ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി മാറി. വടക്കൻ കശ്മീരിലെ നർബൽ പ്രദേശത്തായിരുന്നു സംഭവം. കുടിവെള്ളം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും വാഹനങ്ങൾക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ഗൾ വഴിയിൽ കുടുങ്ങി.
ജമ്മു കശ്മീർ പൊലീസ് സ്ഥലത്തെത്തി റോഡ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതിഷേധക്കാർ വഴങ്ങിയെങ്കിലും തുടർന്ന് പൊലീസിന് നേരെ കല്ലേറ് നടത്തി. ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ചുമതലയുള്ള അഭിഭാഷകൻ സജീദ് യൂസഫ് ഷായുടെ വാഹനത്തിനും നേരെ ആക്രമണമുണ്ടായി. ഷാ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.
ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കണമെന്നും അവ നിറവേറ്റി കൊടുക്കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് പാർട്ടി നേതാവും മുൻ എംഎൽഎയുമായ സജാദ് ഗാനി ലോൺ രംഗത്തെത്തി. കുടിവെള്ള ക്ഷാമം പരിഹരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.