മഴക്കാല ആരോഗ്യ പ്രതിരോധം: ഹോട്ട് സ്‌പോട്ടുകളില്‍ പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Anjana

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും തദ്ദേശ സ്ഥാപനതലത്തില്‍ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആശുപത്രികളിലെ ഐപി, ഐസിയു, വെന്റിലേറ്റര്‍ ഉപയോഗം സാധാരണ നിലയിലാണെന്നും പകര്‍ച്ചപ്പനി മൂലം അവയില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ എന്നും ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ ഓര്‍മിപ്പിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫീല്‍ഡ് സന്ദര്‍ശനം ഫലപ്രദമായി നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗത്തിലാണ് മന്ത്രി ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. മഴക്കാലത്തെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്കരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.