കുഫോസ് വൈസ് ചാൻസലർ നിയമനം: ഗവർണർക്ക് തിരിച്ചടി, സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു

Anjana

കുഫോസ് വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി നേരിട്ടു. സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് കുഫോസ് വി സി നിയമനവുമായി ബന്ധപ്പെട്ട സെർച്ച് കമ്മിറ്റി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റേതാണ് ഈ തീരുമാനം.

കുഫോസ് വി സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിന്നിരുന്നു. സർക്കാരിന്റെ ഭാഗം കേൾക്കാതെയും അഭിപ്രായം തേടാതെയുമാണ് ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്നായിരുന്നു സർക്കാർ ഉന്നയിച്ച ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലർക്കുള്ള അധികാരം വിശദീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന് മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. ഹർജി തീർപ്പാകുന്നതുവരെ സെർച്ച് കമ്മിറ്റിയുടെ തുടർ നടപടികൾ നിർത്തിവയ്ക്കുമെന്ന് ചാൻസലറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ നടപടി ഗവർണർക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.