ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികമാണ്. കേരള രാഷ്ട്രീയത്തിലെ ജനപ്രിയ മുഖമായിരുന്ന അദ്ദേഹം, അഞ്ച് പതിറ്റാണ്ടിലേറെ ഭരണ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി, സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറി.
1970-ൽ 27-ാം വയസ്സിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് അദ്ദേഹം ആദ്യമായി പുതുപ്പള്ളിയിൽ മത്സരിച്ചത്. സിറ്റിങ് എം.എൽ.എ ഇ.എം ജോർജിനെ 7,288 വോട്ടിന് തോൽപ്പിച്ച് അട്ടിമറി വിജയം നേടി. തുടർന്ന് പി.സി ചെറിയാൻ, എം.ആർ.ജി പണിക്കർ, തോമസ് രാജൻ, വി.എൻ വാസവൻ, റെജി സഖറിയ, ചെറിയാൻ ഫിലിപ്പ്, സിന്ധു ജോയ്, സുജ സൂസൻ ജോർജ്, ജെയ്ക്ക് സി. തോമസ് തുടങ്ങിയവരെല്ലാം ഉമ്മൻ ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ടു.
1977-ൽ തൊഴിൽ വകുപ്പ് മന്ത്രി, 1981-ൽ ആഭ്യന്തര മന്ത്രി, 1991-ൽ ധനമന്ത്രി, 2004-ലും 2011-ലുമായി രണ്ട് തവണ മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഉമ്മൻ ചാണ്ടി, ജനസമ്പർക്ക പരിപാടികളിലൂടെ അധികാരത്തിന്റെ ജനകീയവൽക്കരണം നടപ്പിലാക്കി. വിവാദങ്ങളും എതിർശബ്ദങ്ങളും ഉയർന്നപ്പോഴും തളരാതെ മുന്നേറിയ അദ്ദേഹം, കേരള രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ നേതാക്കളിൽ ഒരാളായി മാറി. ഇന്ന് പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സ്മൃതികുടീരത്തിലേക്ക് ജനപ്രവാഹമാണ്, ഒരു രാഷ്ട്രീയ നേതാവ് മരണശേഷം ആരാധക മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന അപൂർവ കാഴ്ചയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നു.