കേന്ദ്രസർക്കാർ വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ

Anjana

മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിതു പട്വാരി കേന്ദ്രസർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. തൻ്റെ വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന പരാതിയാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ സ്പോൺസർ ചെയ്ത സ്പൈവെയർ ആക്രമണം തൻ്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ നടന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഭോപ്പാലിലെ അഡീഷണൽ ഡി.ജി.പിക്ക് പട്വാരി പരാതി നൽകിയിട്ടുണ്ട്.

ജൂലൈ ഒൻപതിന് പട്വാരിയുടെ ഐഫോണിൽ ആപ്പിൾ കമ്പനിയിൽ നിന്നുള്ള സന്ദേശം എത്തിയതാണ് ഈ ആരോപണത്തിന് കാരണമായത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് പട്വാരി ആരോപിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി അകെസി വേണുഗോപാൽ ഇതേ ആരോപണം ഉന്നയിച്ച് ദിവസങ്ങൾക്കകമാണ് മധ്യപ്രദേശ് പിസിസി അധ്യക്ഷനും സമാന ആരോപണവുമായി രംഗത്ത് വന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

150 ലധികം രാജ്യങ്ങളിലെ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സ്പൈവെയർ ആക്രമണം സംബന്ധിച്ച് ആപ്പിൾ കമ്പനി അറിയിപ്പ് നൽകിയിരുന്നു. ഇതേ കാര്യമാണ് പട്‌വാരി തൻ്റെ പരാതിയിലും ചൂണ്ടിക്കാട്ടുന്നത്. തൻ്റെ മൊബൈൽ ഫോൺ ലക്ഷ്യമിട്ട് സ്പൈവെയർ ആക്രമണം നടന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ മധ്യപ്രദേശിലെ സൈബർ വിങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.